2010, ഡിസംബർ 27, തിങ്കളാഴ്‌ച

റിയാലിറ്റി ഷോ


ഹരിത വിദ്യാലയം ഷോയില്‍ നെടുവേലിയും
നെടുവേലി:പൊതുവിദ്യാലയങ്ങളിലെ മികവുകള്‍ പങ്ക്‌ വയ്‌ക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും വിദ്യാഭ്യാസ വകുപ്പ്‌ സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലേക്ക്‌ നെടുവേലി സ്‌കൂളിന്‌ പ്രവേശനം ലഭിച്ചു.അക്കാദമിക മികവിനൊപ്പം സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പത്ത്‌ മികവുകളില്‍ ഏതെങ്കിലും മുന്നു മികവുകള്‍ മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കുന്ന സ്‌കൂളുകള്‍ക്കാണ്‌ പ്രവേശനം നല്‍കിയിട്ടുള്ളത്‌.സാങ്കേതിക മികവ്‌,പഠനാനുബന്ധപ്രവര്‍ത്തനങ്ങള്‍,സമൂഹകൂട്ടായ്‌മ എന്നീ മൂന്നു മേഖലകളിലാണ്‌നെടുവേലി സ്‌കൂള്‍ മികവ്‌ അവതരിപ്പിച്ചത്‌.സംസ്ഥാനത്തൊട്ടാകെ മുന്നൂറില്‍പ്പരം സ്‌കൂളുകള്‍ അപേക്ഷയയച്ചിരുന്നു.ഇതില്‍ നിന്നും 127 സ്‌കൂളുകളെയാണ്‌ തെരഞ്ഞെടുത്തത്‌.സ്‌കൂള്‍ പ്രവര്‍ത്തനങ്ങുടെ വീഡിയോ ചിത്രീകരണം,സ്‌കൂള്‍ പ്രതിനിധികളുമായുള്ള അഭിമുഖം എന്നിങ്ങനെ രണ്ടു ഘട്ടങ്ങളാണ്‌ ഈ പരിപാടിക്കുള്ളത്‌.വിക്‌ടേഴ്‌സ്‌ ചാനലിലും ദൂരദര്‍ശന്‍ മലയാളത്തിലും പരിപാടി പ്രദര്‍ശിപ്പിക്കും.
പഠനപ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികളെക്കുറിച്ചുള്ള ഗവേഷണവും പി.ടി.എ പ്രതിനിധികളും അദ്ധ്യാപകരും ചേര്‍ന്ന്‌ ഈ കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച്‌ നടത്തുന്ന ബോധവല്‍ക്കരണവും അടങ്ങുന്ന 'അയല്‍പക്കത്തെ അറിയുക' എന്ന പദ്ധതിയാണ്‌ ഏറ്റവും മികച്ച മാതൃകാ പ്രവര്‍ത്തനമായി സ്‌കൂള്‍ മുന്നോട്ടു വച്ചത്‌.ഗവേഷണ സ്ഥാപനം, സാമൂഹ്യ സ്ഥാപനം എന്നീ നിലകളില്‍ ഗുണമേന്മകള്‍ പ്രകടിപ്പിച്ച്‌ വളരുന്ന നെടുവേലി സ്‌കൂളിന്‌ ലഭിച്ച ഈ അംഗീകാരത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അദ്ധ്യാപകരെയും പി.ടി.എ പ്രസിഡന്റ്‌ എ.അനില്‍കുമാര്‍ അഭിനന്ദിച്ചു.

2010, നവംബർ 9, ചൊവ്വാഴ്ച

ബോധവല്‍ക്കരണ ക്ലാസ്സ്‌


ദന്തസംരക്ഷണം; ബോധവല്‍ക്കരണ ക്ലാസ്സ്‌
സ്‌കൂള്‍ ഹെല്‍ത്ത്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വട്ടപ്പാറ പി..എം.എസ്‌ ഡെന്റല്‍ കോളേജിലെ ഡോ.നിതിന്‍.കെ.ബാബു 'ദന്തസംരക്ഷണം -കുട്ടികളില്‍' എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ്‌ നയിച്ചു.
സൗന്ദര്യത്തെയും ആരോഗ്യത്തെയും രൂപപ്പെടുത്തുന്നതില്‍ ദന്തങ്ങള്‍ പ്രധാന പങ്ക്‌ വഹിക്കുന്നു.ദന്തസംരക്ഷണത്തിലെ അശ്രദ്ധ മറ്റു രോഗങ്ങള്‍ക്കും ഇടയാകാറുണ്ട്‌.ദന്തക്ഷയം നിസ്സാരമായി തള്ളാതെ ചികിത്സിക്കേണ്ടതാണെന്ന്‌ ഡോക്‌ടര്‍ അഭിപ്രായപ്പെട്ടു.
ദന്തങ്ങള്‍ സംരക്ഷിക്കുന്നതില്‍ ദിനചര്യയ്‌ക്ക്‌ വലിയ പ്രസക്തിയുണ്ട്‌.ദിവസം രണ്ടു നേരം പല്ല്‌ ശുചിയാക്കണം.രാവിലെയും രാത്രി ആഹാരത്തിനു ശേഷവും.മുടങ്ങാതെ ഈ ചര്യ പുലര്‍ത്തണം.ചെറിയ പ്രായത്തില്‍ തന്നെ പല്ലുകള്‍ വൃത്തിയാക്കുന്ന ശീലം വളര്‍ത്തിയെടുക്കണം.മധുരപലഹാരങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം,കോളകളുടെയും മറ്റും ഉപയോഗം എന്നിവ ദന്തക്ഷയത്തിനു കാരണമാകുന്നു.പാല്‍പ്പല്ലുകള്‍,സ്ഥിരദന്തങ്ങള്‍ എന്നിവയെപ്പറ്റി വിശദീകരിച്ചു.പാല്‍പ്പല്ലുകളുടെ സംരക്ഷണവും പ്രാധാന്യമര്‍ഹിക്കുന്നു എന്നദ്ദേഹം വ്യക്തമാക്കി.
മനുഷ്യശരീരത്തില്‍ ദന്തങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന സ്ലൈഡ്‌ ഷോ പ്രദര്‍ശിപ്പിച്ചു കൊണ്ടാണ്‌ ക്ലാസ്സ്‌ ആരംഭിച്ചത്‌.പല്ല്‌ ബ്രഷ്‌ ചെയ്യുന്ന വിധം മോഡല്‍ ഉപയോഗിച്ച്‌ പ്രദര്‍ശിപ്പിച്ചു.കുട്ടികളുടെ സംശയങ്ങള്‍ക്ക്‌ മറുപടി നല്‍കി.ഹെല്‍ത്ത്‌ ക്ലബ്ബ്‌ സെക്രട്ടറി സുജ.എല്‍.എസ്‌ നന്ദി പറഞ്ഞു.

2010, നവംബർ 8, തിങ്കളാഴ്‌ച

കൗണ്‍സിലിങ്‌


ഉണര്‍ന്നിരിക്കണം ;എപ്പോഴും എവിടെയും

നെടുവേലി: എപ്പോഴും എവിടെയും ഉണര്‍ന്നിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ഭാരതീയരെ സ്വാമി വിവേകാനന്ദന്‍ ഉദ്‌ബോധിപ്പിച്ചിരുന്നു.പുതു തലമുറയിലെ കുട്ടികളില്‍ ഈ ആവശ്യകതാബോധം ജനിപ്പിക്കാനാണ്‌ കൗണ്‍സിലിംഗ്‌ വിദഗ്‌ദ്ധന്‍ ഡോ.മധുജന്‍ 'ഉണര്‍വ്‌' ക്ലാസ്സ്‌ വഴി ശ്രമിച്ചത്‌.എസ്‌.എസ്‌.എല്‍.സി കുട്ടികളെ മാനസികമായി സജ്ജരാക്കുക എന്ന സ്‌കൂള്‍ പി.ടി.എ യുടെ തീരുമാനപ്രകാരമാണ്‌ ക്ലാസ്സ്‌ സംഘടിപ്പിച്ചത്‌.
ആഗ്രഹമാണ്‌ നമ്മുടെ ശത്രു.ആഗ്രഹം നമ്മെ മടുപ്പിക്കും.ആവശ്യകതയാണ്‌ നമുക്കു വേണ്ടത്‌.അത്‌ നമ്മെ ഉണര്‍ത്തും.വ്‌ഷയങ്ങള്‍ അദ്ധ്യാപകരില്‍ നിന്ന്‌ ഏറ്റുവാങ്ങണം.ഇതിനായി മനസ്സിനെ സ്വയം പരുവപ്പെടുത്തണം.ഞായറാഴ്‌ചകളില്‍ മനസ്സിന്‌ സ്വയം അയുകൊടുക്കണം.
സിനിമാ ഗാനത്തിലെ പ്രയാസമുള്ള പദങ്ങള്‍ നമ്മളോര്‍ക്കും.കവിതയിലാകുമ്പോള്‍ താല്‌പര്യം കുറയുന്നു.ഓര്‍മ്മ വരില്ല.തലച്ചോറില്‍ രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ഭവിഷ്യത്തുകള്‍ അദ്ദേഹം സൂചിപ്പിച്ചു.ഹോട്ടലുകളില്‍ നിന്ന്‌ ഉപയോഗശൂന്യമായി കളയുന്ന എണ്ണ ശേഖരിച്ച്‌, ആ എണ്ണയില്‍ വറുക്കുന്ന പാക്കാണ്‌ പല പേരുകളില്‍ കടകളില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നത്‌.ഇത്തരം സാധനങ്ങള്‍ ഉപയോഗിക്കുന്നവരെ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ബോധവല്‍ക്കരിക്കണമെന്ന്‌ അദ്ദേഹം നിര്‍ദ്ദേശിച്ചു.
പ്രഭാഷണത്തിനു ശേഷം കുട്ടികളുമായി അദ്ദേഹം സംവദിച്ചു.ആഷിക്‌ മുഹമ്മദ്‌ 10.സി,ആര്യ 10.സി,സുജ 10.ബി,വിഷ്‌ണു.വി.നായര്‍ ,നീരജ10.എ എന്നീ കുട്ടികള്‍ സംശയങ്ങള്‍ പങ്കുവച്ചു.പ്രിന്‍സിപ്പല്‍ എസ്‌.ജയശ്രീ സ്വാഗതവും ഹെഡ്‌മിസ്‌ട്രസ്സ്‌ പ്രസന്നകുമാരി നന്ദിയും പറഞ്ഞു.

ഗാന്ധിജയന്തി


സേവനം;സ്വയം പാചകവും

ഇടിവെട്ടി മലയിടുക്കിലെ തുറന്ന പാചകശാല 'ടോട്ടോച്ചാന്‍' എന്ന നോവലിലെ സുഖമുള്ള അനുഭവമാണ്‌.ഈ അനുഭവം യാഥാര്‍ത്ഥ്യമാക്കുകയാണ്‌ ഓരോ ഒക്‌ടോബറിലെ ഗാന്ധിജയന്തി ദിനത്തിലും നെടുവേലി സ്‌കൂള്‍.
കൂട്ടായ്‌മയുടെ തുറസ്സായ പാചകപ്പുര എന്ന സങ്കല്‌പം സേവനദിനത്തിന്റെ ഭാഗമായി
ഈ പള്ളിക്കൂടത്തില്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ മനസ്സുകൊണ്ട്‌ കൊച്ചുടോട്ടായുടെ റ്റോമോ സ്‌കൂളിനെ ഓര്‍ക്കും.പള്ളിക്കൂടവും പരിസരവും ഉച്ചയോടെ വൃത്തിയാക്കുന്ന കുട്ടികളെ കാത്ത്‌ കൂട്ടുകാര്‍ തയ്യാറാക്കുന്ന ഭക്ഷണമുണ്ട്‌.പുഴുങ്ങിയ കപ്പയും മുളകുടച്ചതും ചമ്മന്തിയും ഓരോ ക്ലാസ്സും ഒത്തിരുന്ന്‌ കഴിക്കും.പാചകത്തിനാവശ്യമായ സാധനങ്ങള്‍ ഒരുക്കുന്നത്‌ മുതല്‍ ആഹാരം കഴിഞ്ഞ്‌ ക്ലാസ്സ്‌ മുറി വൃത്തിയാക്കുന്നതുവരെ നീളുന്ന പ്രക്രിയയാണത്‌.ഓരോ ക്ലാസ്സിലും കയറിയിറങ്ങി ആഹാരം രുചിക്കുക അദ്ധ്യാപകരുടെ ചുമതലയാണ്‌.ഒക്‌ടോബര്‍ സേവനത്തിന്റേതു മാത്രമല്ല ഒത്തൊരുമയുടെ ഉത്സവം കൂടിയാകുകയാണിവിടെ.

2010, നവംബർ 4, വ്യാഴാഴ്‌ച

കവിത


അമല്‍ കൃഷ്‌ണയുടെ രണ്ടു കവിതകള്‍
സ്വപ്‌നം
ഞാന്‍ സ്വപ്‌നം കാണാറുണ്ട്‌
കണ്ണീരിന്റെ ഉപ്പു ചേര്‍ന്ന,പക്ഷേ
മധുരമുള്ള സ്വപ്‌നം
വിശപ്പിന്റെ അലകള്‍ വീശിയടിക്കാറുണ്ടെങ്കിലും
സ്വപ്‌നത്തിലതുണ്ടാവാറില്ല
പക്ഷേ,മറ്റുള്ളവരുടെ നിലവിളികള്‍
കേട്ടില്ലെന്നു നടിക്കുന്നതെങ്ങനെ
അത്‌,എന്റെ സ്വപ്‌നങ്ങള്‍ക്കു തടസ്സമാകാറുണ്ട്‌

ജീവിതം ആസ്വദിക്കാനുള്ളതാണ്‌
പക്ഷേ,അതിനാകാത്തവര്‍ക്ക്‌ സ്വപ്‌നമാണൊരുപായം
പക്ഷേ,സ്വപ്‌നത്തിലും സ്വസ്ഥതയില്ലാത്തവരുടെ
കാര്യം ദയീയം തന്നെ
ഉറക്കം വരുന്നു,നല്ലൊരു സ്വപ്‌നത്തിലേക്കായിരിക്കട്ടെ


പാഴ്‌സ്വപ്‌നം
സ്വര്‍ണ്ണത്തിന്റെ വില കുത്തനെ
ഇടിഞ്ഞിരിക്കുന്നു
സ്‌ത്രീകളുടെ കണ്ണീര്‍ കാണുന്നചഷ്ട
ബിവറേജസിനു മുന്നിലെ നീണ്ട ക്യൂവും കാണാനില്ല
അംഗ ഭംഗം സംഭവിച്ച മരങ്ങളെയോ
പള്ളയ്‌ക്കു പിടിച്ചു കേഴുന്ന കുട്ടികളെയോ കാണുന്നാനില്ല
സ്വാതന്ത്ര്യത്തിന്റെ പരിമളം എങ്ങും വിഹരിക്കുന്നു
വിശ്വസിക്കാന്‍ കഴിയുന്നചഷ്ട
മതത്തിന്റെയോ ജാതിയുടെയോ പേരില്‍
കലഹിക്കുന്നവര്‍ ഇല്ലാതായിരിക്കുന്നു
ഇത്‌ സ്വപ്‌നമോ യാഥാര്‍ത്ഥ്യമോ
ങേ,അലാറം മുഴങ്ങുന്നു
സ്‌കൂളില്‍ പോകാനുള്ളതല്ലേ
അമല്‍ കൃഷ്‌ണ-പത്ത്‌.ബി
(സ്‌കൂള്‍ തല കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ കവിത) പത്താം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയായ അമല്‍കൃഷ്‌ണ ചെറുകഥ, ചിത്രരചന എന്നിവയിലും മികവ്‌ പ്രകടിപ്പിച്ചിട്ടുണ്ട.്‌

2010, നവംബർ 3, ബുധനാഴ്‌ച

ആരോഗ്യം


മെഡിക്കല്‍ ക്യാമ്പും ദന്തപരിശോധനയും
നെടുവേലി സ്‌കൂളിലെ ഹെല്‍ത്ത്‌ ക്ലബ്ബിന്റെ നേതൃത്ത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും ദന്തപരിശോധനയും നടത്തി.കുട്ടികളിലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച്‌ ഹെല്‍ത്ത്‌ ക്ലബ്ബ്‌ പഠന ക്ലാസ്സ്‌ നടത്തിയിരുന്നു.അതിന്റെ വെളിച്ചത്തിലാണ്‌ ദന്തപരിശോധന നടത്തിയത്‌.
വട്ടപ്പാറ പി.എം.എസ്‌ ഡെന്റല്‍ കോളേജിലെ 30 -ല്‍ പരം ഡോക്ടര്‍മാര്‍ പരിശോധനയ്‌ക്ക്‌ നേതൃത്ത്വം നല്‍കി.ഒപ്പം വിദഗ്‌ദ്ധ ഉപദേശവും ദന്തക്ഷയം ഒഴിവാക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കി.കഴിഞ്ഞ വര്‍ഷം നേത്രപരിശോധനയാണ്‌ സംഘടിപ്പിച്ചത്‌.'ആരോഗ്യമുള്ള കുട്ടികള്‍ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനം ' എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്‌ ഹെല്‍ത്ത്‌ ക്ലബ്ബ്‌ പ്രവര്‍ത്തിക്കുന്നത്‌.

2010, ഒക്‌ടോബർ 25, തിങ്കളാഴ്‌ച

യാത്ര


തെന്മലയിലേക്കൊരു യാത്ര

തലേന്നു
രാത്രി വരെ തുടരെ പെയ്‌ത മഴ രാവിലെ പെട്ടെന്ന്‌നിന്നപ്പോള്‍ ഞങ്ങള്‍ അമ്പരക്കാതിരുന്നില്ല.നല്ലൊരന്തരീക്ഷംനല്‍കിയതിന്‌ നന്ദി പറഞ്ഞുകൊണ്ട്‌ എട്ടു മണിയോടെഞങ്ങള്‍ പുറപ്പെട്ടു.നഗരദൃശ്യങ്ങളില്‍ നിന്നകന്ന്‌ഗ്രാമപാതയിലൂടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. കാടിന്റെപച്ചപ്പ്‌ ഞങ്ങള്‍ അറിഞ്ഞു തുടങ്ങി.ഏറെ വൈകിയില്ലഞങ്ങളെ കാത്ത്‌ തോട്ടത്തില്‍ ഒരു മയില്‍. കാടടുത്തിരിക്കുന്നു എന്ന സന്ദേശമാണ്‌ മയില്‍നല്‍കിയത്‌,ഏറെ സന്തോഷം തോന്നി. ഭീമാകാരമായകുന്നുകളും കൂറ്റന്‍ പാറക്കെട്ടുകളും കടന്ന്‌ കല്ലട ഇറിഗേഷന്‍ പ്രോജക്‌ട്‌ എന്ന്‌എഴുതിയ വലിയ ഗേറ്റിനു മുന്നില്‍എത്തി. അവിടം കുരങ്ങന്മാരുടെ സാമ്രാജ്യമാണെന്നു തോന്നി.

പത്തു നൂറു പടികള്‍ കേറി തളര്‍ന്ന്‌ അവശരായി ഞങ്ങള്‍ ഡാമിനു മുകളിലെത്തി.അതിശയക്കാഴ്‌ച. കനാലിലേക്ക്‌ വെള്ളമൊഴുക്കുന്ന ഷട്ടറുകള്‍,പിന്നില്‍ ഡാം റിസര്‍വോയര്‍.ജലപ്പരപ്പിലേക്ക്‌ കുതിച്ചെത്തുന്ന വലിയ മീനുകള്‍. കാഴ്‌ചകള്‍ ക്ഷീണമകറ്റി.വള്ളിപ്പടര്‍പ്പും മരങ്ങളും കൊണ്ട്‌ ഒരു മായാജാലം,ചിത്രം പോലെ.
ലഘുഭക്ഷണത്തിനു ശേഷം ബട്ടര്‍ഫ്‌ളൈ സഫാരി പാര്‍ക്കിലെത്തി. നിറയെ സംശയങ്ങളുമായാണ്‌ അവിടെ എത്തിയത്‌.ചിത്രശലഭങ്ങളെ എങ്ങനെയാണ്‌ ഒരു പാര്‍ക്കില്‍ സംരക്ഷിച്ചു നിര്‍ത്തുന്നത്‌.പക്ഷേ അതിനെല്ലാം ഉത്തരം കിട്ടി.ഒരു വര്‍ണ്ണക്കാഴ്‌ചയായിരുന്നു അത്‌. ചെടികള്‍ക്കു ചുറ്റും വട്ടമിട്ടുപറക്കുന്ന പൂമ്പാറ്റകള്‍. തൊട്ടു തലോടി മുത്തമിട്ടു പറക്കുന്നവ,നിറപ്പകിട്ടുള്ള കുപ്പായക്കാര്‍,ഇലകളില്‍ തപസ്സിരിക്കുന്ന ലാര്‍വകള്‍.നീലക്കടുവ,ചിത്രകല്‍, ചിറകിന്‌ 25 സെ.മീ നീളമുള്ള Alakanar bird wings. ഇങ്ങനെ എത്ര വിധം ചിത്രശലഭങ്ങള്‍.പിന്നട്‌ മാന്‍ പാര്‍ക്കില്‍ എത്തി..ഉച്ചഭക്ഷണം കഴിഞ്ഞ്‌ നേരെ പാര്‍ക്കിലെത്തി. കളികള്‍ക്കൊപ്പം മഴയും കൂട്ടിനെത്തി.പാര്‍ക്ക്‌ ചുറ്റിക്കറങ്ങി ഞങ്ങള്‍ ഏറു മാടത്തിലെത്തി.ഒരു പുതിയ അനുഭവം.മാനുകള്‍ ഞങ്ങളെ കാത്ത്‌ നില്‍ക്കുന്നതായി തോന്നി.അത്രയ്‌ക്കടുത്താണവ.
ഞങ്ങളെ ഏറെ ആകര്‍ഷിച്ചത്‌ മരങ്ങളാണ്‌.പട്ടിപ്പുന്ന,തേരകം,കമ്പകം,ചാര്‌ ഇങ്ങനെ എത്രയധികം നമ്മളറിയാത്ത മരങ്ങള്‍.ഒരു മരത്തിന്റെ വണ്ണവും പൊക്കവും ഞങ്ങളെ അതിശയിപ്പിച്ചു.എന്തു വലിയ മരം;അതിനു പുറകിലായി ഒരു പുഴ ഒഴുകുന്നുണ്ട്‌.വൈകുന്നേരത്തോടെ തിരികെ സ്‌കൂളിലേക്ക്‌.
പ്രകൃതിയെ തൊട്ടറിയാന്‍ പരിസ്ഥിതി ക്ലബ്ബ്‌ സംഘടിപ്പിച്ച പഠനയാത്രയായിരുന്നു ഇത്‌.തെന്മലയുടെ ജൈവവൈവിധ്യം ഞങ്ങള്‍ക്ക്‌ മധുരാനുഭൂതിയായി.ഞങ്ങളുടെ ക്ലബ്ബ്‌ കണ്‍വീനര്‍ ബിന്ദു ടീച്ചറിന്റെയും അദ്ധ്യാപകരുടെയും നേതൃത്ത്വത്തിലുള്ള യാത്ര അവിസ്‌മരണീയ അനുഭവമായിരുന്നു.അതെ,ഞങ്ങളുടെ സ്‌കൂള്‍ എന്നും നല്‍കുന്നത്‌ പുതുമകളായിരുന്നു.
അര്‍ച്ചന.എസ്‌,
വിനയ.ആര്‍.വിജയന്‍ - 9.ബി

2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

ദിനാചരണം


സ്വതന്ത്ര സോഫ്‌റ്റ്‌ വെയര്‍ ദിനം ആഘോഷിച്ചു
നെടുവേലി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സ്വതന്ത്ര സോഫ്‌റ്റ്‌ വെയര്‍ ആഘോഷങ്ങള്‍ സെപ്‌തംബര്‍ 22-ന്‌ നടന്നു.സ്വതന്ത്ര സോഫ്‌റ്റ്‌ വെയറിന്റെ പ്രാധാന്യം വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും പൊതു സമൂഹത്തിലും എത്തിക്കുകയാണ്‌ ഈ പരിപാടിയുടെ ലക്ഷ്യം.'സ്വതന്ത്രസോഫ്‌റ്റ്‌ വെയറിന്റെ പ്രാധാന്യം '-എന്ന വിഷയത്തില്‍ അഭിജാത്‌ സെമിനാര്‍ പ്രബന്ധം അവതരിപ്പിച്ചു.ഐ.ടി അധിഷ്‌ഠിത പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ രക്ഷിതാക്കളില്‍
ഉദ്‌ഘാടനം ഹെഡ്‌മിസ്‌്‌്‌ട്രസ്സ്‌ ശ്രീമതി. പ്രസന്നകുമാരി നിര്‍വ്വഹിച്ചു.സ്‌കൂള്‍ sitc ശ്രീമതി.എസ്‌.മീര പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്ത്വം നല്‍കി. അവബോധം സൃഷ്‌ടിക്കുന്നതിന്‌,സ്‌കൂളിന്റെ പഠനപ്രവര്‍ത്തനങ്ങളെ ആധാരമാക്കിയുള്ള 'മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ ' സ്‌മാര്‍ട്ട്‌ ക്‌ളാസ്സ്‌ മുറിയില്‍ രക്ഷിതാക്കള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു.അറുപതോളം രക്ഷാകര്‍ത്താക്കള്‍ പങ്കെടുത്തു.ക്വിസ്സ്‌ പ്രോഗ്രാം,ഡിജിറ്റല്‍ പെയിന്റിംഗ്‌ എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.ആഘോഷങ്ങളുടെ

2010, സെപ്റ്റംബർ 21, ചൊവ്വാഴ്ച

അംഗീകാരം


ഹാട്രിക്‌ നേട്ടത്തിന്റെ അംഗീകാരവുമായി നെടുവേലി
തുടര്‍ച്ചയായി മൂന്നാം വര്‍ഷവും തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിലെ മികച്ച വിദ്യാലയം എന്ന ഖ്യാതി നിലനിര്‍ത്തിയിരിക്കുകയാണ്‌ നെടുവേലി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍.
തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ വിദ്യാഭ്യാസ അവാര്‍ഡാണ്‌ വീണ്ടും നെടുവേലി സ്‌കൂള്‍ കരസ്ഥമാക്കിയത്‌.കഴിഞ്ഞ എസ്‌.എസ്‌.എല്‍സി പരീക്ഷയില്‍ തിരുവനന്തപുരം വിദ്യാഭ്യാസജില്ലയില്‍ ഏറ്റവും ഉയര്‍ന്ന വിജയശതമാനം നേടിയ വിദ്യാലയത്തിനുള്ള അവാര്‍ഡാണ്‌ നെടുവേലി സര്‍ക്കാര്‍ വിദ്യാലയത്തിനു ലഭിച്ചത്‌.ഒരു ലക്ഷം രൂപയും ട്രോഫിയുമാണ്‌ അവാര്‍ഡ്‌.ബഹു.തുറമുഖവകുപ്പ്‌ മന്ത്രി ശ്രീ.സുരേന്ദ്രന്‍ പിള്ളയില്‍ നിന്നും ഹെഡ്‌മിസ്‌ട്രസ്സ്‌ ജി.പ്രസന്നകുമാരി ജില്ലാപഞ്ചായത്ത്‌ ഹാളില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങി. തികച്ചും ഗ്രാമപ്രദേശത്ത്‌ പ്രവര്‍ത്തിച്ച്‌ ഉന്നതവിജയം നേടുന്ന ഈ സ്‌കൂള്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ്‌ ഈ വിജയം കൈവരിച്ചത്‌.

2010, സെപ്റ്റംബർ 12, ഞായറാഴ്‌ച


നെടുവേലി സ്‌കൂളില്‍വിളവെടുപ്പ്‌ ഉത്സവം
ഓണാഘോഷം കഴിഞ്ഞെത്തിയ കുട്ടികള്‍ നെടുവേലി സ്‌കൂളില്‍ വിളവെടുപ്പ്‌ ഉത്സവം ആഘോഷിക്കുന്നു.സ്‌കൂള്‍ പരിസ്ഥിതി ക്‌ളബ്ബായ ഗ്രീന്‍സിന്റെയും മാതൃഭൂമി സീഡ്‌ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി കുട്ടികള്‍ കൃഷിചെയ്‌ത്‌ പരിപാലിച്ച പച്ചക്കറികളുടെ വിളവെടുപ്പ്‌ ആരംഭിച്ചു.സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ്സ്‌ പ്രസന്നകുമാരി വിളവെടുപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു.ചീര,വെണ്ട,കത്തിരി,തുടങ്ങിയവ കുട്ടികള്‍ എട്ട്‌ ഗ്രൂപ്പായി എട്ട്‌ പ്‌ളോട്ടുകളില്‍ കൃഷിചെയ്‌തു.പാകമെത്തിയ ചീരച്ചെടികളുടെ വിളവെടുപ്പാണ്‌ കഴിഞ്ഞദിവസം നടന്നത്‌.ഓരോ ഗ്രൂപ്പിന്റെയും നേതൃത്ത്വത്തില്‍ കളപറിക്കല്‍,വളമിടീല്‍,ചെടിനനയ്‌ക്കല്‍ എന്നീ പരിചരണ മുറകള്‍ കാര്യക്ഷമമായി നടന്നു.സ്‌കൂള്‍ ഉച്ചഭക്ഷണ പരിപാടിക്ക്‌ ആവശ്യമായ പച്ചക്കറികള്‍ കൃഷിചെയ്‌ത്‌ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ പരിസ്ഥിതി ക്‌ളബ്ബ്‌. ഉച്ചഭക്ഷണം ഇനി മുതല്‍ പോഷകഗുണമുള്ള ഭക്ഷണമായിത്തീരുകയാണെന്ന്‌ ഹെഡ്‌മിസ്‌ട്രസ്സ്‌ പറഞ്ഞു.ക്‌ളബ്ബ്‌ കണ്‍വീനര്‍ ഒ.ബിന്ദു,അദ്ധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

2010, ഓഗസ്റ്റ് 11, ബുധനാഴ്‌ച


അക്ഷരം നക്ഷത്രമാക്കാന്‍ പക്ഷിക്കൂട്ടം
നെടുവേലിയിലെ കുട്ടികള്‍ക്ക്‌ സാഹിത്യത്തിനൊരു പരിശീലനക്കളരി.വാക്കും പൊരുളും ചേര്‍ന്നിരിക്കുമ്പോള്‍ അര്‍ത്ഥാന്തരങ്ങള്‍ തുറന്നിടുന്ന സാഹിത്യരാസവിദ്യയുടെ ലോകത്തേയ്‌ക്ക്‌ നെടുവേലി സ്‌കൂളിന്റെ സംഭാവന.ചെലവു കുറഞ്ഞ ലഘുമാസിക എന്ന ആശയത്തിന്റെ സാക്ഷാത്‌ക്കാരമാണ്‌ പക്ഷിക്കൂട്ടം സാഹിത്യമാസിക.വാക്ക്‌ ചുരുക്കി മൂര്‍ച്ചകൂട്ടി ഉപയോഗിക്കാന്‍ ലഘുമാസിക എന്ന ആശയം കുട്ടികളെ സഹായിക്കുന്നുണ്ട്‌.2009 ജൂണില്‍ മലയാള വിഭാഗം
തുടങ്ങിയ പക്ഷിക്കൂട്ടം ഓരോ മാസവും പുതുമകളോടെ ക്‌ളാസ്സ്‌ മുറിയിലെത്തുന്നു.മലയാളം ക്‌ളാസ്സുകളിലെ സജീവപ്രവര്‍ത്തനങ്ങള്‍ കഥയും കവിതയും പുസ്‌തകാസ്വാദനവും ചെറുചിന്തകളുമായി ഒരു പുതിയ പിറവി തേടുന്നു.സ്‌കൂളിലെ ഐ.ടി അടിസ്ഥാന സൗകര്യങ്ങളുപയോഗപ്പെടുത്തിയാണ്‌ ഈ ലഘുമാസിക
പ്രസിദ്ധീകരിക്കുന്നത്‌

2010, ഓഗസ്റ്റ് 10, ചൊവ്വാഴ്ച


ആഴ്‌ചവട്ടത്തിന്‌ ആറു വയസ്സാകുന്നു

രണ്ടായിരത്തി നാല്‌ ആഗസ്‌റ്റ്‌ മാസം മുതലാണ്‌ നെടുവേലി സ്‌കൂളില്‍ സാഹിത്യസമാജത്തിന്റെ ആഴ്‌ചവട്ടം തുടങ്ങിയത്‌.കഥയും കവിതയും കലയും പങ്കുവയ്‌ക്കാന്‍ ഉച്ചയ്‌ക്കൊരു കൂട്ടായ വേദി എന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നില്‍.കഴിഞ്ഞ ആറു വര്‍ഷം കൊണ്ട്‌ ആഴ്‌ചവട്ടം നെടുവേലി സ്‌കൂളിന്റെ തനത്‌ പരിപാടിയായി മാറുകയായിരുന്നു.ഓരോ മലയാളം ക്‌ളാസ്സിലും ദിവസേന നടക്കുന്ന ചിന്താവിഷയം,കവിതാലാപനം,പുസ്‌തകാസ്വാദനം എന്നീ പരിപാടികള്‍ക്ക്‌ ക്‌ളാസ്സ്‌ മുറി സ്വഭാവം മാത്രമായതുകൊണ്ടാണ്‌ ആഴ്‌ചവട്ടം മധ്യാഹ്നസദസ്സ്‌്‌ അനിവാര്യമായത്‌.വ്യത്യസ്‌ത പരിപാടികള്‍ക്കു പുറമേ പുസ്‌തകപ്രസാധനം,ലഘുമാസിക,ബ്‌ളോഗ്‌ തുടങ്ങിയ മേഖലകളിലേക്ക്‌്‌്‌്‌ വളര്‍ന്ന്‌്‌്‌ ഈ സമാജം ആറാം വാര്‍ഷികം ആഘോഷിക്കുന്നു.അതിന്റെ ഭാഗമായി മലയാള കവിത 19-ാം നൂറ്റാണ്ടു വരെ എന്ന പരിപാടി (കാവ്യാഞ്‌ജലി) അവതരിപ്പിക്കുന്നു.
2004-മുതല്‍ വെള്ളിയാഴ്‌ചകളില്‍ ഞങ്ങള്‍ അവതരിപ്പിച്ചു വരുന്ന പരിപാടികള്‍-ചിരിയരങ്ങ്‌,കഥയരങ്ങ്‌്‌,നുണയരങ്ങ്‌്‌, കവിതയരങ്ങ്‌്‌്‌,കവിയരങ്ങ്‌്‌,ലഘുനാടകങ്ങള്‍,കാര്‍ട്ടൂണ്‍ പ്രദര്‍ശനം,സംവാദം,സ്വഭാവരൂപീകരണ ക്‌ളാസ്സ്‌്‌്‌,തൊഴില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശ ക്‌ളാസ്സ്‌,കൃഷ്‌ണ ഗീതി,ആണ്ടു പിറപ്പ്‌്‌ വരേവല്‍ക്കല്‍, പുസ്‌തകപ്രസാധനം,യൂണിഫോം ശേഖരിച്ചു നല്‍കല്‍,ദിനാചരണങ്ങള്‍,പ്രശ്‌നോത്തരി,കുട്ടികളുടെ തുള്ളല്‍ കവിത, മാപ്പിളപ്പാട്ടരങ്ങ്‌.
അക്ഷരസുഗന്ധമുള്ള ഒരു സ്‌കൂള്‍ മുറ്റമാണ്‌ സാഹിത്യസമാജത്തിന്റെ ലക്ഷ്യം.എഴുത്തു വഴികളിലെ കുരുന്നുകള്‍ക്ക്‌ ഒരു കൈത്താങ്ങ്‌.കലയുടെ കേളീരവങ്ങള്‍ക്കൊപ്പം ഒരു മേളപ്പെരുക്കം, പാട്ടിന്റെ പാല്‍മഴയില്‍ ഒരു ചങ്ങാതിക്കൂട്ടം.

2010, ഓഗസ്റ്റ് 3, ചൊവ്വാഴ്ച



കാവും കുളവും തേടിയൊരു യാത്ര


പാടം നമുക്ക്‌ തീര്‍ത്ഥസ്ഥാനം എന്ന്‌ കണ്ണീര്‍പ്പാടത്തില്‍ വൈലോപ്പിള്ളി എഴുതിയിട്ടുണ്ട്‌.കാവ്‌ നമുക്ക്‌ തീര്‍ത്ഥസ്‌നാനം എന്ന്‌ പ്രഖ്യാപിക്കുകയാണ്‌ നെടുവേലിയിലെ കുട്ടികള്‍.പുതിയ ലോകത്തിന്റെ ആരവങ്ങളില്‍ നിന്നകന്ന്‌ നന്നാട്ടുകാവ്‌ പിള്ളയമ്മാച്ചന്‍ കാവ്‌ സന്ദര്‍ശനത്തിനു പോയ കുട്ടികള്‍ പരിസര പഠനത്തിന്റെ പ്രാധാന്യവുംതിരിച്ചറിയുകയായിരുന്നു.കാവിലേയ്‌ക്കുള്ള യാത്ര മഴയ്‌ക്കൊപ്പമായിരുന്നു.കുത്തനെയുള്ള വഴുക്കലുകളില്‍ തെന്നിയാണ്‌ ലക്ഷ്യ സ്ഥാനത്തെത്തിയത്‌.വള്ളിപ്പടര്‍പ്പുകള്‍ നിറഞ്ഞ്‌ പുരാതനമായ അന്തരീക്ഷം.പുതുതായി നിര്‍മ്മിച്ച അമ്പലം മാത്രം കാവിന്റെ സ്വാഭാവികതയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു.വറ്റാത്ത ചെറു കുളവും ചോരപ്പാനയും നീര്‍മരുതും ചൂരല്‍പ്പടര്‍പ്പും പേരറിയാത്ത ചെറുചെടികളും ഈ കാവിന്റെ സമ്പത്ത്‌.നാഗരൂട്ടിന്റെ വിശ്വാസം കാവിന്‌ അനുഷ്‌ഠാന സ്വഭാവം നല്‍കുന്നു.കാവെന്ന ജൈവ സമ്പത്തിനെ സംരക്ഷിക്കുന്ന നാട്ടുകാര്‍ കുട്ടികളെ ജൈവ ലോകത്തേയ്‌ക്ക്‌ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്‌തു.വച്ചുപിടിപ്പിച്ച മരങ്ങളെ സ്വാഗതം ചെയ്യാത്ത കാവിന്റെ ജൈവ പ്രകൃതി ,കാവിന്റെ തനിമയ്‌ക്കു മേല്‍ പരിഷ്‌ക്കാരം കൊണ്ടുവരില്ലെന്ന നാട്ടുകാരുടെ നിശ്ചയം,ആഗോളതാപനത്തിന്റെ ഭീഷണിയില്‍ നിന്നൊഴിഞ്ഞു നില്‍ക്കുന്ന നാട്ടുംപുറം,വറ്റാത്ത ജലനിരപ്പുള്ള സമീപത്തെ കിണറുകള്‍,പിള്ളയമ്മാച്ചന്‍ എന്ന വിശ്വാസത്തെ നെഞ്ചേറ്റുന്ന പരിസരവാസികള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ കുട്ടികളുമായി അവര്‍ പങ്കുവച്ചു.ചെടികളെ തരം തിരിച്ച്‌ പഠിക്കുന്ന പഠിപ്പിന്റെ ആള്‍ക്കാര്‍ക്കല്ല അവയെ പരിപാലിക്കുന്ന ഗ്രാമമനസ്സിന്റെ നിഷ്‌ക്കളങ്കതയ്‌ക്കാണ്‌ റൈറ്റ്‌ ലവ്‌ലി ഹുഡ്‌ പുരസ്‌ക്കാരവും നോബല്‍സമ്മാനവുമൊക്കെ നല്‍കേണ്ടതെന്ന അവബോധവും ഈ യാത്രയുടെ സംഭാവനയാണ്‌.പരിസ്ഥിതി ക്‌ളബ്ബിന്റെ (ഗ്രീന്‍സ്‌) യും സീഡിന്റെയും പരിസര വിജ്ഞാനപരിപാടിയുടെ ഭാഗമായാണ്‌ ഈ യാത്ര സംഘടിപ്പിച്ചത്‌.

2010, ജൂലൈ 23, വെള്ളിയാഴ്‌ച


ലഹരി വിരുദ്ധ റാലി ശ്രദ്ധേയമായി

ലഹരിവിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ഹെല്‍ത്ത്‌,പരിസ്ഥിതി ക്‌ളബ്ബുകളുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ റാലി നടത്തി. ഹെഡ്‌മിസ്‌ട്രസ്സ്‌ പ്രസന്നകുമാരി,പി.ടി.എ വൈസ്‌ പ്രസിഡന്റ്‌ ഗോപിപ്പിള്ള ,ഹെല്‍ത്ത്‌ ക്‌ളബ്ബ്‌ കണ്‍വീനര്‍ ഡി.റോബിന്‍സ്‌രാജു,പരിസ്ഥിതി കണ്‍വീനര്‍ ഒ.ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി.മദ്യത്തിനും മയക്കു മരുന്നിനുമെതിരെ മുദ്രാ വാക്യങ്ങളും ബാനര്‍, പ്‌ളക്കാര്‍ഡ്‌ എന്നിവയുമായി സ്‌കൂളില്‍ നിന്ന്‌ കന്യാകുളങ്ങര ജംഗ്‌ഷന്‍ വരെ പദയാത്ര നടത്തി

വായനയുടെ രസാനുഭവമുണര്‍ത്തി പുസ്‌തക പ്രദര്‍ശനം

നെടുവേലി:ഡ്രാക്കൂള പ്രഭുവും ഷെര്‍ലക്‌ ഹോംസും അംഗദനും അടുത്തിരിക്കുകയാണ്‌.അല്‌പമകലെയായി അശോകന്‍ ചരുവിലും സുഭാഷ്‌ ചന്ദ്രനും ബഷീറും ഞങ്ങളെ വായിക്കൂ എന്ന സ്വാഗത വാക്യവുമായിരിക്കുന്നു.അരങ്ങിന്റെ സാഹിത്യരൂപമായി നാടകങ്ങളും പേറി സതീഷ്‌.കെ.സതീഷുണ്ട്‌.കവിതയുമായി വൈലോപ്പിള്ളിയും ഇടശ്ശേരിയും അരികെ. നെടുവേലി സര്‍ക്കാര്‍ വിദ്യാലയത്തിലെ പുസ്‌തക പ്രദര്‍ശന വേളയിലാണ്‌ നൂറ്റാണ്ടുകള്‍ക്കപ്പുറവും ഇപ്പുറവും ജീവിച്ച പ്രതിഭകളും അനശ്വര കഥാപാത്രങ്ങളും താളുകളിലിരുന്ന്‌ ഒരേ വേദി പങ്കിട്ടത്‌.സ്‌കൂള്‍ ഗ്രന്ഥശാലയിലെ പുതിയ പുസ്‌തകങ്ങള്‍ വായനാവാരാചരണത്തിന്റെ ഭാഗമായാണ്‌ പ്രദര്‍ശിപ്പിച്ചത്‌.മഹച്ചരിതമാലയും ശാസ്‌ത്ര,ഗണിതശാസ്‌ത്ര പുസ്‌തകങ്ങളും വൈജ്ഞാനിക ഗ്രന്ഥങ്ങളും റഫറന്‍സ്‌ കൃതികളുമൊക്കെ മുന്നില്‍ കണ്ടപ്പോള്‍ വായനാകുതുകികളായ വിദ്യാര്‍ത്ഥികള്‍ സന്തോഷം മറച്ചു വച്ചില്ല.സ്‌കൂള്‍ സാഹിത്യസമാജത്തിന്റെ ആഭിമുഖ്യത്തിലാണ്‌ വായനയെ പ്രോത്സാഹിപ്പാന്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്‌.അറിവിന്റെയും അനുഭവത്തിന്റെയും ചക്രവാളം വികസിപ്പിക്കാന്‍ വായന നല്‍കുന്ന സ്വകാര്യ അനുഭവത്തിനു കഴിയുമെന്ന വസ്‌തുതയാണ്‌ ഈ പ്രദര്‍ശനത്തിന്‌ പ്രേരിപ്പിച്ചതെന്ന്‌ സംഘാടകര്‍ പറഞ്ഞു.ബാലമാസികകളും ആനുകാലികങ്ങളും പ്രദര്‍ശനത്തിനുണ്ടായിരുന്നു.ബുധന്‍,വെള്ളി ദിവസങ്ങളില്‍ പുസ്‌തകങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്‌

നാട്ടുചെടികള്‍ക്ക്‌ ഉത്സവകാലം


ജൈവവൈവിധ്യ വര്‍ഷത്തെ വരവേറ്റു കൊണ്ടാണ്‌ ഇക്കൊല്ലത്തെ പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്‌.കാലാവസ്ഥക്കിണങ്ങിയ മരങ്ങള്‍ അതത്‌ ഭൂപ്രകൃതിയില്‍ നട്ടുവളര്‍ത്തേണ്ടതിന്റെ പ്രാധാന്യം ലോകം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.ഈ തിരിച്ചറിവിനെ കുട്ടികളില്‍ ഉറപ്പിച്ച്‌ നാട്ടുചെടികള്‍ക്ക ്‌ഉത്സവകാലം ഒരുക്കാനാണ്‌ നെടുവേലിയിലെ പരിസ്ഥിതി സമാജം ഈ വര്‍ഷം ശ്രമിക്കുന്നത്‌.നാട്ടിന്‍ പുറത്ത്‌ കണ്ടുവരുന്ന ചെടികളുടെ പ്രദര്‍ശനമായിരുന്നു പരിസ്ഥിതിദിനത്തിലെ പ്രധാന പരിപാടി.മുക്കുറ്റിയും തുമ്പയും തുളസിയും ശംഖുപുഷ്‌പവുമൊക്കെയായി പള്ളിക്കൂടത്തിലെത്തിയ കുട്ടികള്‍ പരിസ്ഥിതിയുടെ പ്രധാന്യം വിളംബരം ചെയ്യുകയായിരുന്നു.നാട്ടുചെടികള്‍ കൊണ്ടു വരാനും പ്രദര്‍ശിപ്പിക്കാനും സന്മനസ്സ്‌ കാട്ടിയ എല്ലാ വിദ്യാര്‍ത്ഥികളെയും പരിസ്ഥിതി സമാജം കണ്‍വീനര്‍ ഒ.ബിന്ദു അഭിനന്ദിച്ചു.ശാസ്‌ത്ര സാഹിത്യപരിഷത്ത്‌ പ്രവര്‍ത്തകന്‍ വൈ.എ റഷീദ്‌ ബോധവല്‍ക്കരണ പ്രഭാഷണം നടത്തി.ജൈവപൈതൃകത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ഓര്‍മ്മിപ്പിച്ചു.ഗ്രീന്‍ പീസ്‌ പ്രവര്‍ത്തകന്‍ സുലൈമാന്‍ ചടങ്ങില്‍ സംസാരിച്ചു.പരിഷത്ത്‌ പ്രവര്‍ത്തകന്‍ അസിം നയിച്ച പ്രശ്‌നോത്തരിയില്‍ +2 വിലെ വിഷ്‌ണു എം.ടി,അരുണ്‍ലാല്‍,8-സി യിലെ അശ്വിന്‍ കുമാര്‍,ഭൗമിക്‌.എസ്‌.മാധവ്‌,10-എ യിലെ ആര്യ.എം.എസ്‌ എന്നിവര്‍സമ്മാനം നേടി.ദിനാചരണത്തോടനുബന്ധിച്ച്‌ നടത്തിയ ജലച്ചായം,കാര്‍ട്ടൂണ്‍ മത്സരങ്ങളില്‍ 10-ബി യിലെ അമല്‍കൃഷ്‌ണ വിജയിച്ചു.