2010, ജൂലൈ 23, വെള്ളിയാഴ്‌ച


ലഹരി വിരുദ്ധ റാലി ശ്രദ്ധേയമായി

ലഹരിവിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ഹെല്‍ത്ത്‌,പരിസ്ഥിതി ക്‌ളബ്ബുകളുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ റാലി നടത്തി. ഹെഡ്‌മിസ്‌ട്രസ്സ്‌ പ്രസന്നകുമാരി,പി.ടി.എ വൈസ്‌ പ്രസിഡന്റ്‌ ഗോപിപ്പിള്ള ,ഹെല്‍ത്ത്‌ ക്‌ളബ്ബ്‌ കണ്‍വീനര്‍ ഡി.റോബിന്‍സ്‌രാജു,പരിസ്ഥിതി കണ്‍വീനര്‍ ഒ.ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി.മദ്യത്തിനും മയക്കു മരുന്നിനുമെതിരെ മുദ്രാ വാക്യങ്ങളും ബാനര്‍, പ്‌ളക്കാര്‍ഡ്‌ എന്നിവയുമായി സ്‌കൂളില്‍ നിന്ന്‌ കന്യാകുളങ്ങര ജംഗ്‌ഷന്‍ വരെ പദയാത്ര നടത്തി

വായനയുടെ രസാനുഭവമുണര്‍ത്തി പുസ്‌തക പ്രദര്‍ശനം

നെടുവേലി:ഡ്രാക്കൂള പ്രഭുവും ഷെര്‍ലക്‌ ഹോംസും അംഗദനും അടുത്തിരിക്കുകയാണ്‌.അല്‌പമകലെയായി അശോകന്‍ ചരുവിലും സുഭാഷ്‌ ചന്ദ്രനും ബഷീറും ഞങ്ങളെ വായിക്കൂ എന്ന സ്വാഗത വാക്യവുമായിരിക്കുന്നു.അരങ്ങിന്റെ സാഹിത്യരൂപമായി നാടകങ്ങളും പേറി സതീഷ്‌.കെ.സതീഷുണ്ട്‌.കവിതയുമായി വൈലോപ്പിള്ളിയും ഇടശ്ശേരിയും അരികെ. നെടുവേലി സര്‍ക്കാര്‍ വിദ്യാലയത്തിലെ പുസ്‌തക പ്രദര്‍ശന വേളയിലാണ്‌ നൂറ്റാണ്ടുകള്‍ക്കപ്പുറവും ഇപ്പുറവും ജീവിച്ച പ്രതിഭകളും അനശ്വര കഥാപാത്രങ്ങളും താളുകളിലിരുന്ന്‌ ഒരേ വേദി പങ്കിട്ടത്‌.സ്‌കൂള്‍ ഗ്രന്ഥശാലയിലെ പുതിയ പുസ്‌തകങ്ങള്‍ വായനാവാരാചരണത്തിന്റെ ഭാഗമായാണ്‌ പ്രദര്‍ശിപ്പിച്ചത്‌.മഹച്ചരിതമാലയും ശാസ്‌ത്ര,ഗണിതശാസ്‌ത്ര പുസ്‌തകങ്ങളും വൈജ്ഞാനിക ഗ്രന്ഥങ്ങളും റഫറന്‍സ്‌ കൃതികളുമൊക്കെ മുന്നില്‍ കണ്ടപ്പോള്‍ വായനാകുതുകികളായ വിദ്യാര്‍ത്ഥികള്‍ സന്തോഷം മറച്ചു വച്ചില്ല.സ്‌കൂള്‍ സാഹിത്യസമാജത്തിന്റെ ആഭിമുഖ്യത്തിലാണ്‌ വായനയെ പ്രോത്സാഹിപ്പാന്‍ പ്രദര്‍ശനം സംഘടിപ്പിച്ചത്‌.അറിവിന്റെയും അനുഭവത്തിന്റെയും ചക്രവാളം വികസിപ്പിക്കാന്‍ വായന നല്‍കുന്ന സ്വകാര്യ അനുഭവത്തിനു കഴിയുമെന്ന വസ്‌തുതയാണ്‌ ഈ പ്രദര്‍ശനത്തിന്‌ പ്രേരിപ്പിച്ചതെന്ന്‌ സംഘാടകര്‍ പറഞ്ഞു.ബാലമാസികകളും ആനുകാലികങ്ങളും പ്രദര്‍ശനത്തിനുണ്ടായിരുന്നു.ബുധന്‍,വെള്ളി ദിവസങ്ങളില്‍ പുസ്‌തകങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്‌

നാട്ടുചെടികള്‍ക്ക്‌ ഉത്സവകാലം


ജൈവവൈവിധ്യ വര്‍ഷത്തെ വരവേറ്റു കൊണ്ടാണ്‌ ഇക്കൊല്ലത്തെ പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്‌.കാലാവസ്ഥക്കിണങ്ങിയ മരങ്ങള്‍ അതത്‌ ഭൂപ്രകൃതിയില്‍ നട്ടുവളര്‍ത്തേണ്ടതിന്റെ പ്രാധാന്യം ലോകം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.ഈ തിരിച്ചറിവിനെ കുട്ടികളില്‍ ഉറപ്പിച്ച്‌ നാട്ടുചെടികള്‍ക്ക ്‌ഉത്സവകാലം ഒരുക്കാനാണ്‌ നെടുവേലിയിലെ പരിസ്ഥിതി സമാജം ഈ വര്‍ഷം ശ്രമിക്കുന്നത്‌.നാട്ടിന്‍ പുറത്ത്‌ കണ്ടുവരുന്ന ചെടികളുടെ പ്രദര്‍ശനമായിരുന്നു പരിസ്ഥിതിദിനത്തിലെ പ്രധാന പരിപാടി.മുക്കുറ്റിയും തുമ്പയും തുളസിയും ശംഖുപുഷ്‌പവുമൊക്കെയായി പള്ളിക്കൂടത്തിലെത്തിയ കുട്ടികള്‍ പരിസ്ഥിതിയുടെ പ്രധാന്യം വിളംബരം ചെയ്യുകയായിരുന്നു.നാട്ടുചെടികള്‍ കൊണ്ടു വരാനും പ്രദര്‍ശിപ്പിക്കാനും സന്മനസ്സ്‌ കാട്ടിയ എല്ലാ വിദ്യാര്‍ത്ഥികളെയും പരിസ്ഥിതി സമാജം കണ്‍വീനര്‍ ഒ.ബിന്ദു അഭിനന്ദിച്ചു.ശാസ്‌ത്ര സാഹിത്യപരിഷത്ത്‌ പ്രവര്‍ത്തകന്‍ വൈ.എ റഷീദ്‌ ബോധവല്‍ക്കരണ പ്രഭാഷണം നടത്തി.ജൈവപൈതൃകത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ഓര്‍മ്മിപ്പിച്ചു.ഗ്രീന്‍ പീസ്‌ പ്രവര്‍ത്തകന്‍ സുലൈമാന്‍ ചടങ്ങില്‍ സംസാരിച്ചു.പരിഷത്ത്‌ പ്രവര്‍ത്തകന്‍ അസിം നയിച്ച പ്രശ്‌നോത്തരിയില്‍ +2 വിലെ വിഷ്‌ണു എം.ടി,അരുണ്‍ലാല്‍,8-സി യിലെ അശ്വിന്‍ കുമാര്‍,ഭൗമിക്‌.എസ്‌.മാധവ്‌,10-എ യിലെ ആര്യ.എം.എസ്‌ എന്നിവര്‍സമ്മാനം നേടി.ദിനാചരണത്തോടനുബന്ധിച്ച്‌ നടത്തിയ ജലച്ചായം,കാര്‍ട്ടൂണ്‍ മത്സരങ്ങളില്‍ 10-ബി യിലെ അമല്‍കൃഷ്‌ണ വിജയിച്ചു.