2010, ഡിസംബർ 27, തിങ്കളാഴ്‌ച

റിയാലിറ്റി ഷോ


ഹരിത വിദ്യാലയം ഷോയില്‍ നെടുവേലിയും
നെടുവേലി:പൊതുവിദ്യാലയങ്ങളിലെ മികവുകള്‍ പങ്ക്‌ വയ്‌ക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും വിദ്യാഭ്യാസ വകുപ്പ്‌ സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലേക്ക്‌ നെടുവേലി സ്‌കൂളിന്‌ പ്രവേശനം ലഭിച്ചു.അക്കാദമിക മികവിനൊപ്പം സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പത്ത്‌ മികവുകളില്‍ ഏതെങ്കിലും മുന്നു മികവുകള്‍ മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കുന്ന സ്‌കൂളുകള്‍ക്കാണ്‌ പ്രവേശനം നല്‍കിയിട്ടുള്ളത്‌.സാങ്കേതിക മികവ്‌,പഠനാനുബന്ധപ്രവര്‍ത്തനങ്ങള്‍,സമൂഹകൂട്ടായ്‌മ എന്നീ മൂന്നു മേഖലകളിലാണ്‌നെടുവേലി സ്‌കൂള്‍ മികവ്‌ അവതരിപ്പിച്ചത്‌.സംസ്ഥാനത്തൊട്ടാകെ മുന്നൂറില്‍പ്പരം സ്‌കൂളുകള്‍ അപേക്ഷയയച്ചിരുന്നു.ഇതില്‍ നിന്നും 127 സ്‌കൂളുകളെയാണ്‌ തെരഞ്ഞെടുത്തത്‌.സ്‌കൂള്‍ പ്രവര്‍ത്തനങ്ങുടെ വീഡിയോ ചിത്രീകരണം,സ്‌കൂള്‍ പ്രതിനിധികളുമായുള്ള അഭിമുഖം എന്നിങ്ങനെ രണ്ടു ഘട്ടങ്ങളാണ്‌ ഈ പരിപാടിക്കുള്ളത്‌.വിക്‌ടേഴ്‌സ്‌ ചാനലിലും ദൂരദര്‍ശന്‍ മലയാളത്തിലും പരിപാടി പ്രദര്‍ശിപ്പിക്കും.
പഠനപ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികളെക്കുറിച്ചുള്ള ഗവേഷണവും പി.ടി.എ പ്രതിനിധികളും അദ്ധ്യാപകരും ചേര്‍ന്ന്‌ ഈ കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച്‌ നടത്തുന്ന ബോധവല്‍ക്കരണവും അടങ്ങുന്ന 'അയല്‍പക്കത്തെ അറിയുക' എന്ന പദ്ധതിയാണ്‌ ഏറ്റവും മികച്ച മാതൃകാ പ്രവര്‍ത്തനമായി സ്‌കൂള്‍ മുന്നോട്ടു വച്ചത്‌.ഗവേഷണ സ്ഥാപനം, സാമൂഹ്യ സ്ഥാപനം എന്നീ നിലകളില്‍ ഗുണമേന്മകള്‍ പ്രകടിപ്പിച്ച്‌ വളരുന്ന നെടുവേലി സ്‌കൂളിന്‌ ലഭിച്ച ഈ അംഗീകാരത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അദ്ധ്യാപകരെയും പി.ടി.എ പ്രസിഡന്റ്‌ എ.അനില്‍കുമാര്‍ അഭിനന്ദിച്ചു.