2012, ജൂലൈ 29, ഞായറാഴ്‌ച

പോസ്‌റ്റര്‍പ്രദര്‍ശനം




മഴക്കാല രോഗങ്ങളെക്കുറിച്ച്‌,
മാരകവ്യാധികളെക്കുറിച്ച്‌ പോസ്‌റ്റര്‍പ്രദര്‍ശനം

മഴക്കാലരോഗങ്ങളെക്കുറിച്ചും മാരകവിപത്തുകളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കാന്‍ നെടുവേലി സ്‌കൂളില്‍ ജൂലായ്‌ 23-ാം തീയതി പോസ്‌റ്റര്‍ പ്രദര്‍ശനം നടന്നു.മഴക്കാല രോഗങ്ങളായ ഡങ്കിപ്പനി,എലിപ്പനി,ചിക്കുന്‍ഗുനിയ തുടങ്ങിയവയുടെ രോഗലക്ഷണങ്ങളും പ്രതിവിധികളും സവിസ്‌തരം പ്രതിപാദിക്കുന്ന പോസ്‌റ്ററുകളാണ്‌ പ്രദര്‍ശിപ്പിച്ചത്‌.ജീവിതശൈലി രോഗങ്ങള്‍,അവയുടെ പ്രതിവിധികള്‍,വാക്‌സിനേഷന്റെ പ്രാധാന്യം,വാര്‍ദ്ധക്യകാലപരിചരണം തുടങ്ങിയവ ഉള്‍പ്പെടുന്ന നൂറ്‌ പോസ്‌റ്ററുകളാണ്‌ പ്രദര്‍ശിപ്പിച്ചത്‌.രാവിലെ മുതല്‍ നടന്ന പ്രദര്‍ശനത്തിന്‌ ജൂനിയര്‍ പബ്‌ളിക്‌ ഹെല്‍ത്ത്‌ നഴ്‌സ്‌ അനിലകുമാരി,നൗഫിയബീവി,ജയാജാസ്‌മിന്‍,മഞ്‌ജു,പി.ആര്‍.ഒ അനില്‍ഫിലിപ്പ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.സ്‌കൂള്‍ ഹെല്‍ത്ത്‌ ക്ലബ്ബും പരിസ്ഥിതി ക്ലബ്ബും ആരോഗ്യവകുപ്പും സംയുക്തമായാണ്‌ പരിപാടി സംഘടിപ്പിച്ചത്‌.



പുസ്‌തക പ്രദര്‍ശനം

അന്വേഷണാത്മക വായനക്കായി നെടുവേലി സ്‌കൂളില്‍ പുസ്‌തക പ്രദര്‍ശനം
അന്വേഷണാത്മക വായനയുടെ സാധ്യതകള്‍ കുട്ടികളിലെത്തിക്കാന്‍ നെടുവേലി സ്‌കൂളില്‍ റഫറന്‍സ്‌ പുസ്‌തകമേള നടത്തി.വായനാ വാരത്തോടനുബന്ധിച്ചാണ്‌ സ്‌കൂള്‍ ഗ്രന്ഥശാലയിലെ ആയിരത്തോളംവരുന്നറഫറന്‍സ്‌പുസ്‌തകങ്ങള്‍പ്രദര്‍ശിപ്പിച്ചത്‌.ചരിത്രം,പുരാണം,വിജ്ഞാനകോശം,

സാമൂഹ്യശാസ്‌ത്രം,സാഹിത്യം,ഗണിതം,ശാസ്‌ത്രം,കായികം എന്നിങ്ങനെ മേഖലകള്‍ തിരിച്ചാണ്‌ പ്രദര്‍ശനം നടന്നത്‌.സ്‌കൂള്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി മാസം തോറും അച്ചടിച്ച്‌ പ്രസിദ്ധീകരിക്കുന്ന പക്‌ഷിക്കൂട്ടം മാസികയുടെ ഈ വര്‍ഷത്തെ ആദ്യലക്കം പ്രകാശനം ചെയ്‌തു.സാഹിത്യസമാജത്തിന്റെ ആഭിമുഖ്യത്തില്‍ പ്രശ്‌നോത്തരി,
പ്രസംഗം,പുസ്‌തകാസ്വാദനം,കയ്യെഴുത്ത്‌,വായന എന്നീ മത്സരങ്ങള്‍ നടത്തി.

ലഹരിവിരുദ്ധദിനം

നാടുണര്‍ത്തിലഹരിവിരുദ്ധദിനം 
   നെടുവേലി ഗവ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ലഹരിവിരുദ്ധദിനം വിവിധ പരിപാടികളോടെ ആചരിച്ചു.ബോധവല്‍ക്കരണ ക്ലാസ്സ്‌,ലഹരിവിരുദ്ധപ്രതിജ്‌ഞ,ലഘുലേഖവിതരണം,ഭവനസന്ദര്‍ശനം എന്നീപരിപാടികളാണ്‌ നടത്തിയത്‌.കന്യാകുളങ്ങര ആരോഗ്യകേന്ദ്രത്തിലെ പി.ആര്‍.ഒ അനില്‍ഫിലിപ്പ്‌ ബോധവല്‍ക്കരണ ക്ലാസ്സ്‌ നടത്തി.സമീപപ്രദേശത്തെ കടകളും വീടുകളും സന്ദര്‍ശിച്ച്‌ ഹെല്‍ത്ത്‌ ക്ലബ്ബിലെ അംഗങ്ങളും അധ്യാപകരും ലഹരിഉപയോഗത്തിന്റെ ദോഷവശങ്ങള്‍ പ്രതിപാദിക്കുന്ന ലഘുലേഖ വിതരണം ചെയ്‌തു.പ്രത്യേക അസംബ്ലി ചേര്‍ന്ന്‌ പുകയില വിരുദ്ധദിനവുമായി ബന്ധപ്പെട്ട പ്രതിജ്ഞയെടുത്തു.

2012, ജൂലൈ 20, വെള്ളിയാഴ്‌ച

അനുസ്‌മരണ പ്രഭാഷണം


പൊന്‍കുന്നം വര്‍ക്കിയുടെ ജ്വലിക്കുന്ന ഓര്‍മ്മയില്‍ ജൂലായ്‌ 

          നെടുവേലി:എഴുത്തുകാരിലെ പ്രക്ഷോഭവീര്യത്തിന്റെ ഉത്തമമാതൃകയായ പൊന്‍കുന്നം വര്‍ക്കിയുടെ വ്യക്തിജീവിതവും സാഹിത്യജീവിതവും അനുസ്‌മരിച്ചുകൊണ്ടാണ്‌ ജൂലായ്‌മാസത്തെ ആഴ്‌ചവട്ടം തുടങ്ങിയത്‌.നെടുവേലി സ്‌കൂളിലെ ഹയര്‍സെക്കണ്ടറി മലയാള വിഭാഗം അധ്യാപിക മനീഷ അനുസ്‌മരണ പ്രഭാഷണം നടത്തി.
          മലയാളചെറുകഥയുടെ ചരിത്രവും വര്‍ത്തമാനവും പ്രഭാഷണത്തില്‍ വിലയിരുത്തി.നവോത്ഥാന കഥാകൃത്തുക്കളില്‍ പൊന്‍കുന്നം വര്‍ക്കി നേടിയെടുത്ത ശ്രദ്ധേയമായ ഇടം കുട്ടികള്‍ക്ക്‌ മനസ്സിലാക്കുന്നതിന്‌ കഥാസാഹിത്യചരിത്രത്തിന്റെ ലഘുഅവലോകനം പ്രയോജനപ്പെട്ടു.സാഹിത്യകൃതി എഴുതിയതിന്‌ തടവിലായ പൊന്‍കുന്നം വര്‍ക്കിയുടെ പേനയുടെ സമരമുഖങ്ങള്‍ കുട്ടികള്‍ക്ക്‌ പ്രചോദനമായി.'അന്തോണി നീയും അച്ചനായോടാ','ഇടിവണ്ടി', 'ശബ്‌ദിക്കുന്ന കലപ്പ' തുടങ്ങിയ ചെറുകഥകളും 'ജേതാക്കള്‍' നാടകവും പോലെ കാലത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മയായി കുട്ടികളിലെത്തി.ഹെഡ്‌മിസ്‌ട്രസ്സ്‌ എ.ജി പ്രഭാദേവി സ്വാഗതവും സാഹിത്യസമാജം സെക്രട്ടറി ആതിര കൃതജ്ഞതയും പറഞ്ഞു.