2014, ഫെബ്രുവരി 4, ചൊവ്വാഴ്ച

വിനോദയാത്ര

                   കാനനഛായയില്‍ ആടു കാണാന്‍

ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ ചെക്പോയിന്റ് കടന്ന് എല്ലാവരും മുകളിലേക്ക് നടന്നു.പെട്ടെന്ന് മഴ മേഘങ്ങള്‍ തൊട്ടുരുമ്മി കടന്നുപോയപ്പോള്‍ കൂട്ടുകാര്‍ ആര്‍ത്തുവിളിച്ചു.ഒരു ചെറിയ കയറ്റം.കല്ലുകെട്ടിയ അര്‍ദ്ധവൃത്താകൃതിയുള്ള വ്യൂപോയിന്റില്‍ എല്ലാവരും ഒത്തുചേര്‍ന്നു.മലയും കാറ്റും കോടമഞ്ഞും കൂടെ വന്ന് കുശലം ചൊല്ലിത്തുടങ്ങി. അകലെ  പച്ചവിരിച്ച മലനിരകള്‍.തേയിലത്തോട്ടത്തിലെ അതിരിട്ട വഴികള്‍ ഭൂമിയ്ക്ക് ചന്തം ചാര്‍ത്തി.സമുദ്രനിരപ്പില്‍ നിന്ന് രണ്ടായിരത്തിലേറെ അടി ഉയരത്തില്‍ പ്രകൃതിയെ തിരിച്ചറിയുകയായിരുന്നു ഞങ്ങള്‍.



    വരയിടുക്കുകള്‍ക്കു താഴെ കാടിന്റെ ലാവണ്യമായി വരയാടുകള്‍.ഒറ്റയും കൂട്ടവും കൂട്ടുചേര്‍ന്ന വന്യതയുടെ സൗമ്യജാലം.മനുഷ്യരുമായി ഇണക്കം പൂണ്ട ഈ കാടിന്റെ ചങ്ങാതികള്‍ ആളെ കണ്ടിട്ടും മട്ടുമാറ്റമില്ല.തീറ്റ തേടി തൊട്ടുരുമ്മി നിന്നു.പാറക്കെട്ടില്‍ കിതച്ചുകയറുന്ന പൂര്‍ണ്ണഗര്‍ഭിണിയായ ഒരാട്.ഫെബ്രുവരിയില്‍ പാര്‍ക്ക് രണ്ടുമാസത്തേയ്ക്ക് അടച്ചിടും;വരയാടിന്റെ പ്രസവശുശ്രൂഷയ്ക്ക്.മുമ്പൊരിയ്ക്കല്‍  കണ്ട പാറയിടുക്കിലെ വെള്ളച്ചാട്ടം വറ്റിത്തുടങ്ങിയിരിക്കുന്നു. മുകള്‍ത്തട്ടിലെ ജലസമൃദ്ധമായ ഉറവ ഇന്നും നിറഞ്ഞു തന്നെ.

    നേര്‍ത്ത തണുപ്പില്‍ മനസ്സും മേഘത്തുണ്ടായി ആ ചെരിവില്‍ പറന്നുനടന്നു.കുറിഞ്ഞികള്‍ നീണ്ടധ്യാനത്തിലാണ്;പന്ത്രണ്ടു വര്‍ഷമെത്തി പൂത്തുനിറയാന്‍.വീണ്ടും ഒരു കാഴ്ചയ്ക്ക് അവധി ചോദിച്ച് ഞങ്ങള്‍ തിരികെയിറങ്ങി.




        വാഴിച്ചാല്‍ സന്തോഷത്തിലാണ്.സമൃദ്ധമായ ചാലക്കുടിപ്പുഴ.നദിയില്‍ ഒഴുകിപ്പോയ ജീവിതങ്ങളെക്കുറിച്ച് മുന്നറിയിപ്പിന്റെ ചൂണ്ടുപലക.മുകള്‍പ്പരപ്പിലെ ഒഴുക്കില്ലാത്തീരത്ത് കൂട്ടുകാര്‍ ജലകേളി തുടങ്ങി.മഴപ്പാട്ടും നാട്ടുപാട്ടും കൂട്ടിനെത്തി.കൈയ്യടി ഒച്ച നദിയൊഴുക്കിന് താളമിട്ടു.നെടുവേലിയുടെ സജീവമായ ക്ലാസ്സ് മുറി ചമയങ്ങള്‍ നാല്പത്തിമൂന്ന് കുട്ടികള്‍ ചേര്‍ന്ന് പുഴയോരത്ത് വീണ്ടുമൊരുക്കി. അദ്ധ്യാപകരായ എ.കെ നൗഷാദും സീനിയര്‍ അദ്ധ്യാപകന്‍ റോബിന്‍സ് രാജും കൃഷ്ണകാന്തും ഡോ.സന്തോഷും ബിന്ദു ടീച്ചറും രാധചേച്ചിയും കുട്ടികളുടെ സ്നേഹസന്തോഷങ്ങളുടെ ആഴക്കാഴ്ചകളില്‍ കൂട്ടിനെത്തി.

    ആതിരപ്പള്ളിയില്‍ പ്രകൃതി വിസ്മയമായ വെള്ളച്ചാട്ടം കാണാന്‍ കൂട്ടുകാര്‍ക്ക് തിടുക്കമായി.എല്ലാവരും താഴെ ചെരുവിലെത്തി.പാറപ്പുറത്ത് കൂട്ടുചേര്‍ന്ന് ഒരു ഓര്‍മ്മചിത്രം. കൃഷ്ണകാന്ത് സാറും നൗഷാദ് സാറും ജലപാതം ഏറ്റുവാങ്ങാന്‍ കുറച്ചടുത്തേയ്ക്ക് നടന്നു.ഒരു കുളിരുള്ള കാഴ്ച.കൂട്ടുകാരെല്ലാം വല്ലാത്ത അതിശയത്തില്‍.പ്രകൃതിയെ ആദരവോടെ നോക്കുന്ന കണ്ണുകള്‍ ഏറെ.പിടിച്ചു വലിച്ചിട്ടും കുതറിമാറുന്ന മനസ്സ്.ഒരു ഡാമിന്റെ കൃത്രിമക്കാഴ്ചയിലേയ്ക്ക് ഈ സൗന്ദര്യം വഴുതിവീഴുമോ എന്ന ആശങ്ക.മാധവ് ഗാഡ്ഗില്‍ പറഞ്ഞ പൊരുള്‍ തിരിച്ചറിഞ്ഞ യാത്ര.അപൂര്‍വ്വ മത്സ്യങ്ങള്‍,ജൈവസമൃദ്ധമായ കാട്,വെള്ളം മലിനമാക്കുന്ന ഫാക്ടറികള്‍...




    തിരിഞ്ഞുനോക്കി കയറ്റം കയറുമ്പോള്‍;പ്രകൃതിയ്ക്കു വേണ്ടിയുള്ള നിലവിളികള്‍ക്കൊപ്പം, കിതയ്ക്കുന്ന ഞങ്ങളുടെ മനസ്സും ഒപ്പമുണ്ടെന്ന് ഓരോരുത്തരും ഏറ്റുപറയുന്നുണ്ടായായിരുന്നു.