2017, ഓഗസ്റ്റ് 17, വ്യാഴാഴ്‌ച

കര്‍ഷക ദിനം

          നെടുവേലി സ്കൂളില്‍ കര്‍ഷക ദിനാചരണം


നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ ചിങ്ങപ്പിറവിയും കര്‍ഷക ദിനവും പ്രമാണിച്ച് ക്ഷീര -ജൈവപച്ചക്കറി കര്‍ഷകയായ ഷീജയെ പൊന്നാട അണിയിച്ച് ആദരിച്ചു.കൃഷിയും കാലിവളര്‍ത്തലും എന്ന വിഷയത്തില്‍ കുട്ടികളുമായി സംവദിച്ചു. പാഠപുസ്തകങ്ങള്‍ക്കു പുറത്തുള്ള പച്ചപ്പിന്റെ ലോകം സ്വന്തം കൃഷിയനുഭവങ്ങളിലൂടെയും നാട്ടറിവുകളിലൂടെയും കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കി.കുട്ടികളുടെ ഗായക സംഘം ആലപിച്ച കൃഷിപ്പാട്ടും ഓണപ്പാട്ടും ചടങ്ങിന് മിഴിവേകി.ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ, പി.റ്റി.എ പ്രസിഡന്റ് ബി.എസ് ഗോപിപിള്ള ,എസ്,സീഡ് കോഡിനേറ്റര്‍ ഒ.ബിന്ദു തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു .പരിസ്ഥിതി ക്ലബ്ബും മാതൃഭൂമി സീഡും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്





 

2017, ഓഗസ്റ്റ് 15, ചൊവ്വാഴ്ച

സ്വാതന്ത്ര്യ ദിനാഘോഷം

                  
        ഗാന്ധിയെ കണ്ട മുത്തച്ഛനുമൊത്ത്
    നെടുവേലി സ്കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം

ഗാന്ധിജിയെ നേരില്‍ കണ്ട് അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിച്ച തെരുവിളാകം മാധവന്‍പിള്ള എന്ന തൊണ്ണൂറ്റിയാറു വയസ്സുള്ള മുത്തച്ഛന്‍ നെടുവേലി സര്‍ക്കാര്‍ സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളില്‍ വിശിഷ്ടാതിഥിയായെത്തി.1934 -ല്‍ഗാന്ധിജിയുടെ കേരളത്തിലേക്കുള്ള നാലാമത്തെ യാത്ര ഹരിജനോദ്ധാരണം ലക്ഷ്യമാക്കിയുള്ളതായിരുന്നു.കസ്തൂര്‍ബയുമൊത്തുള്ള ആ യാത്രയില്‍ ജനുവരി 20 ന് ശിവഗിരിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയില്‍ നെടുവേലിക്ക് സമീപമുള്ള വേറ്റിനാട് ഊരൂട്ടു മണ്ഡപം ക്ഷേത്രത്തിലെ സ്വീകരണ യോഗത്തില്‍ പങ്കെടുത്തു.അന്ന് 12 വയസ്സുകാരനായിരുന്ന മാധവന്‍പിള്ള അമ്മയുമൊത്താണ് ഗാന്ധിജിയെ കാണാനെത്തിയത്. നൂറു കണക്കിനാളുകള്‍ തിങ്ങി നിറഞ്ഞ് ഗാന്ധിജിയുടെ ഹിന്ദിയിലുള്ള പ്രസംഗം കേട്ട ധന്യമൂഹൂര്‍ത്തം ഇന്നും ഈ മുത്തച്ഛന്റെ ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്നു. അന്ന് ക്ഷേത്രത്തില്‍ പ്രവേശനമില്ലാതിരുന്ന അവര്‍ണ്ണസമുദായക്കാര്‍ക്ക് ഊരൂട്ടു മണ്ഡപം ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനുള്ള അനുവാദവും ഗാന്ധിജി നല്‍കി.ക്ഷേത്രപ്രവേശന വിളംബരത്തിനു രണ്ടു വര്‍ഷം മുമ്പു തന്നെ വേറ്റിനാട് മണ്ഡപം ക്ഷേത്രം ചരിത്രത്തിനു മുമ്പേ സഞ്ചരിച്ചു കഴിഞ്ഞു.
ആഘോഷപരിപാടിയില്‍ വച്ച് ഗാന്ധി ഭക്തനായ തെരുവിളാകം മാധവന്‍പിള്ളയെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂള്‍ ബാന്റിന്റെ അകമ്പടിയില്‍ എസ്.പി.സി കേഡറ്റുകള്‍ പരേഡു നടത്തി.വട്ടപ്പാറ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹരിലാല്‍ സല്യൂട്ട് സ്വീകരിച്ചു.സ്കൂള്‍ ഗായക സംഘത്തിന്റെ ദേശഭക്തിഗാനമേള ആഘോഷങ്ങള്‍ക്ക് മിഴിവേകി.തുടര്‍ന്ന് സ്വാതന്ത്ര്യ ദിന ക്വിസ്സ് മത്സരവും ഉണ്ടായിരുന്നു.ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ,പ്രിന്‍സിപ്പാള്‍ അനിതകുമാരി,പി.റ്റി.എ പ്രസിഡന്റ് ബി.എസ് ഗോപിപിള്ള ,എസ്.എം.സി ചെയര്‍മാന്‍ എച്ച്.ഷിജി,ജയകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു .ചരിത്ര വിഭാഗവും മാതൃഭൂമി നന്മയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.എസ്.ഷീജ,കൃഷ്ണകാന്ത് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.













2017, ഓഗസ്റ്റ് 13, ഞായറാഴ്‌ച

അവാര്‍ഡ്


ദിനാചരണം

                  
          ഹിരോഷിമാ -നാഗസാക്കി ദിനാചരണം


നെടുവേലി സ്കൂളില്‍ നടന്ന യുദ്ധവിരുദ്ധ ദിനാചരണത്തിന്റെ ഉദ്ഘാടനം പോത്തന്‍കോട് സി.ഐ എസ്.ഷാജി ഉദ്ഘാടനം ചെയ്തു. യുദ്ധവിരുദ്ധ സന്ദേശങ്ങളുടെ പോസ്റ്റര്‍ പ്രദര്‍ശനവും നടന്നു.


















അവാര്‍ഡ്

               
          നെടുവേലി സ്കൂളിന് മാതൃഭൂമി -നന്മ അവാര്‍ഡ്


 തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ നന്മ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃഭൂമി ഏര്‍പ്പെടുത്തിയ അവാര്‍ഡ് നെടുവേലി സ്കൂളിലെ സീഡ് -നന്മ ക്ലബ്ബിന് . 5000 രൂപയും പ്രശസ്തി ഫലകവും ലഭിച്ചു.ഹെ‍ഡ്മിസ്ട്രസ്സ് കെ.ജയശ്രീ,പി.റ്റി.എ പ്രസിഡന്റ് ഗോപിപിള്ള,നന്മ കോഡിനേറ്റര്‍ ഒ.ബിന്ദു,വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ അവാര്‍ഡ് സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.

കവിയരങ്ങ്

                                       
                               അഴ്ചവട്ടത്തില്‍ കവിയരങ്ങ് 

                     സാഹിത്യസമാജം സംഘടിപ്പിച്ച 
     കവിയരങ്ങില്‍   നിരവധി   വിദ്യാര്‍ത്ഥികള്‍ കവിതകള്‍ ചൊല്ലി.